സുവർണ നഗരിയെ ഹരിതാഭമാക്കാൻ ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ്മാപ്പ് 2030 പദ്ധതി പ്രഖ്യാപിച്ച് ദുബായ്. 15 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയിലൂടെ മനം കുളിർപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം നഗരത്തിലെ താപനില കുറയ്ക്കാനും ശുദ്ധവായു ഉറപ്പാക്കാനും സാധിക്കും.പുതിയ ഹരിത മേഖലകൾ നനയ്ക്കുന്നതിനു നൂതനമായ രീതിയിൽ പുനരുപയോഗിച്ച വെള്ളം ഉപയോഗിക്കും. ദുബായിയെ കൂടുതൽ ഹരിതാഭമാക്കാൻ 400 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
അഞ്ചു വർഷത്തിനകം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 പുതിയ പാർക്കുകൾ നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. താമസ മേഖലകളിൽ 200 കായിക-വിനോദ കേന്ദ്രങ്ങൾ ഒരുക്കും. പൊതു ബീച്ചുകളുടെ ശേഷി 150% വർധിപ്പിക്കും. ഉംസുഖീം ബീച്ച് വികസനത്തിനായി മാത്രമായി 50 കോടി ദിർഹം മാറ്റിവച്ചിരുന്നു.
മഴവെള്ളം സംഭരിക്കാനും വെള്ളപ്പൊക്കം തടയാനും സഹായിക്കുന്ന ‘സ്പോഞ്ച് സിറ്റി’ സാങ്കേതികവിദ്യയും ഈ പദ്ധതിയുടെ ഭാഗമാണ്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി, ലോകത്തിലെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള നഗരമായി ദുബായിയെ മാറ്റുകയാണു ലക്ഷ്യമിടുന്നത്.

