Headlines

സുരക്ഷിതമായ റമസാൻ’: യുഎഇയിൽ ഇവ ലംഘിച്ചാൽ കടുത്ത നടപടി

വ്രതമാസമായ റമസാനിൽ സുരക്ഷയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടികളും പദ്ധതികളുമായി ദുബായ് പൊലീസ്. ‘സുരക്ഷിതമായ റമസാൻ’ ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.∙ ഭിക്ഷാടനത്തിന് തടയിടാം
‘ഭിക്ഷാടനമില്ലാത്ത ബോധവൽക്കരണ സമൂഹം’ എന്ന പ്രമേയത്തിൽ ഭിക്ഷാടന വിരുദ്ധ ക്യാംപെയിൻ പൊലീസ് ശക്തമാക്കും. കഴിഞ്ഞ 5 വർഷത്തിനിടെ 1,801 ഭിക്ഷാടന കേസുകളാണ് ദുബായിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം 206 കേസുകൾ റജിസ്റ്റർ ചെയ്തു. റമസാനിലെ കാരുണ്യ മനസ്സിനെ ചൂഷണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബ്രി. അലി സലേം (ഡയറക്ടർ, ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ്) പറഞ്ഞു. വ്യാജ രേഖകളും കുട്ടികളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ ‘പൊലീസ് ഐ’ (Police Eye) ആപ്പ് വഴിയോ വിവരം അറിയിക്കണം.

∙ റമസാൻ പീരങ്കികൾ 19 ഇടങ്ങളിൽ
ഇഫ്താർ സമയം അറിയിക്കുന്ന പീരങ്കികൾ ഇത്തവണ നഗരത്തിലെ 19 കേന്ദ്രങ്ങളിൽ മുഴങ്ങുമെന്ന് റമസാൻ പീരങ്കി വിഭാഗം കമാൻഡർ ലഫ്. കേണൽ അബ്ദുല്ല താരിഷ് അൽ അമീമി അറിയിച്ചു. ബുർജ് ഖലീഫ, എക്‌സ്‌പോ സിറ്റി, ഡമാക് ഹിൽസ് തുടങ്ങി 6 സ്ഥിരം കേന്ദ്രങ്ങളിലും 13 മൊബൈൽ കേന്ദ്രങ്ങളിലുമാണ് പീരങ്കികൾ സജ്ജമാക്കുക. ഹത്തയ്ക്കായി പ്രത്യേക മൊബൈൽ പീരങ്കിയുമുണ്ട്.∙ അപകടരഹിത റമസാൻ
നോമ്പുതുറ സമയത്തെ തിരക്കും അമിതവേഗവും കുറയ്ക്കാൻ ‘അപകടരഹിത റമസാൻ’ പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. സിറ്റി വാക്ക്, സത്വ, അൽ മിസ്ഹർ തുടങ്ങി 7 പ്രധാന ജങ്ഷനുകളിലാണ് വിതരണം. 679 വൊളന്റിയർമാർ ഇതിനായി രംഗത്തുണ്ടാകുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി വ്യക്തമാക്കി.

Leave a Reply