ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സീറോ ഗവൺമെന്റ് ബ്യൂറോക്രസിയുടെ രണ്ടാംഘട്ടം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിന്റെ വിജയത്തെതുടർന്നാണ് രണ്ടാംഘട്ട പദ്ധതി ആരംഭിച്ചത്. എക്‌സ് അക്കൗണ്ടിലൂടെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യമറിയിച്ചത്. ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കി ലളിതവും വേഗതയേറിയതും കൂടുതൽ ഫലപ്രദവുമായ സർക്കാർ സേവനങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സീറോ ഗവൺമെന്റ് ബ്യൂറോക്രസി.
ആദ്യഘട്ടത്തിൽ സർക്കാർ സേവന വിതരണത്തിന് ആവശ്യമായ സമയത്തിൽ 70 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 4000 ത്തിലേറെ അനാവശ്യ നടപടിക്രമങ്ങൾ ഇല്ലാതാക്കി. ഗതാഗതത്തിലും കാത്തിരിപ്പ് സമയത്തിലും 1.2 കോടി മണിക്കൂറിലേറെ സമയം ഉപഭോക്താക്കൾ ലാഭിച്ചു. സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും കുറയ്ക്കുന്നതിനും പ്രവർത്തിച്ച 30- ലേറെ സർക്കാർ സ്ഥാപനങ്ങൾക്കും 690 ടീമുകൾക്കും നന്ദി പറയുന്നുവെന്ന് ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.
ഡിജിറ്റൽ ബ്യൂറോക്രസി മേഖലയിൽ ഞങ്ങളുടെ നേട്ടങ്ങൾ വികസിപ്പിക്കുകയും ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്യുന്നു. സങ്കീർണതയില്ലാത്ത ഒരു സർക്കാർ, കാത്തിരിപ്പില്ലാത്ത സേവനങ്ങൾ, ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റമുണ്ടാക്കുന്ന പദ്ധതികൾ ആണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

