Headlines

സി.പി.എം വിശ്വാസികൾക്കൊപ്പം; അയ്യപ്പ സംഗമവുമായി മുന്നോട്ടെന്നും എം.വി. ഗോവിന്ദൻ

ശബരിമല യുവതീപ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും സി.പി.എം വിശ്വാസികൾക്കൊപ്പമാണെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വർഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സ്വീകരിക്കുന്ന സമീപനം പാർട്ടിക്കില്ല. അയ്യപ്പ സംഗമവുമായി മുന്നോട്ടു പോകുമെന്നും വർഗീയവാദികളാണ് ഇതിന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

“ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ താൽപര്യം പരിഗണിച്ച് ദേവസ്വം ബോർഡാണ് അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ചത്. അതിന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തേയും വിശ്വാസത്തേയും കൈകാര്യം ചെയ്യുന്നവർ വർഗീയവാദികളാണ്. ആ വർഗീയവാദികളാണ് അയ്യപ്പ സംഗമത്തിന് വ്യത്യസ്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത്. അവർ വിശ്വാസത്തെ ഒരു ഉപകരണമാക്കുന്നു. ആ പ്രചരണത്തിനൊപ്പം നിൽക്കാൻ സി.പി.എമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് ഞങ്ങൾ.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയർന്നതാണ്. ഇപ്പോൾ അതിലേക്ക് കടന്നുപോകേണ്ടതില്ല. അതെല്ലാം കഴിഞ്ഞുപോയ അധ്യായമാണ്. അതിനേക്കുറിച്ച് ഒന്നും പറയാനുദ്ദേശിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വർഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും ഇന്നും നാളെയും സ്വീകരിക്കുന്ന സമീപനം പാർട്ടിക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽനിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ഹരജി നൽകിയതിൽ അഭിപ്രായം പറയാനില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഗവർണർക്ക് അത്തരത്തിൽ കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും വർഗീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് ഗവർണർ ലക്ഷ്യമിടുന്നത്. കോടതി വിധി വരുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply