Headlines

സിംഗപ്പൂരിലും തരംഗമായി ‘കൂലി’, റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് കമ്പനികൾ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈപ്പ്. രജനിക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുമുണ്ട്. നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവർ കൂലിയിൽ വേഷമിടുന്നുണ്ട്. ഇപ്പോൾ ഇതാ, രജനി ചിത്രം റിലീസാകുന്ന ഓഗസ്റ്റ് 14ന് വിവിധ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂരിലെ കമ്പനി വരെ ഈ ദിവസം ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമർ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൂലി റിലീസ് ദിനത്തിൽ പ്രഖ്യാപിച്ച ഓഫറാണ് ശ്രദ്ധേയം. അവധി ദിവസത്തിന് പുറമേ കമ്പനി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റുകളും ഭക്ഷണപാനീയങ്ങൾക്കായി 30 സിംഗപ്പൂർ ഡോളർ അലവൻസും നൽകും. തൊഴിലാളി ക്ഷേമത്തിനും സമ്മർദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഒരു പ്രവർത്തനമാണിതെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി.

സിംഗപ്പൂരിലെ തന്നെ മറ്റൊരു സ്ഥാപനമായ എസ്ബി മാർട്ട് ഓഗസ്റ്റ് 14ന് രാവിലെ 7 മുതൽ 11:30 വരെ കമ്പനി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. രാവിലെ 11.30 മുതൽ ബിസിനസ്സ് പതിവുപോലെ പുനരാരംഭിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദിം പ്രകടിപ്പിക്കുന്നതായി കമ്പനിയുടെ ഡയറക്ടർ കൃഷൻ പ്രകാശ് നമ്പ്യാർ അറിയിച്ചു.

Leave a Reply