Headlines

സസ്പെൻഷനോടെ കോൺഗ്രസ് നിയമസഭാകക്ഷി അംഗമല്ലാതായതായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്

ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തായതോടെ കോൺഗ്രസ് നിയമസഭാകക്ഷി അംഗം എന്ന പദവിയും നഷ്ടപ്പെടുമെന്ന് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാഹുലിനെ കൊണ്ട് എം.എൽ.എ സ്ഥാനം രാജിവെപ്പിക്കണമെന്ന് കോൺഗ്രസിനോട് ഉപദേശിക്കുന്നവർ എന്തിന് വേണ്ടിയാണ് ആഗ്രഹിക്കുന്നതെന്ന് അറിയാം. അതിന്‍റെ വിശദാംശങ്ങൾ പറയിപ്പിക്കരുത്. രാജ്യം ഭരിക്കുന്ന പാർട്ടിക്കും കേരളം ഭരിക്കുന്ന പാർട്ടിക്കും രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോൺഗ്രസിനോട് ഉപദേശിക്കാനുള്ള യോഗ്യതയില്ല. ജനങ്ങൾക്കും മാധ്യമങ്ങൾക്കും അക്കാര്യം നന്നായി അറിയാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കോൺഗ്രസ് സ്ത്രീകളുടെ ആത്മാഭിമാനവും മാധ്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്‍റെ അടിസ്ഥാനത്തിൽ കൂട്ടായ ചർച്ചയിലൂടെ എടുത്തതാണ് രാഹുലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്തുനിൽകാതെ തന്നെ രാഹുൽ സംഘടനാ ഭാരവാഹിത്വം രാജിവെച്ച് മാതൃക കാണിച്ചു. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും മുതിർന്ന നേതാക്കൾ, പ്രവർത്തക സമിതിയംഗങ്ങൾ, യു.ഡി.എഫ് കൺവീനർ എന്നിവരുമായി ചർച്ച നടത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

രാഹുലിനെതിരെ യാതൊരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല. പാർട്ടിക്കോ നിയമപരമായോ പരാതി നൽകുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് രാഷ്ട്രീയ എതിരാളികൾ ആവശ്യപ്പെടുന്നതിൽ യാതൊരു ന്യായീകരണമോ യുക്തിയോ ഇല്ല. അത്തരത്തിൽ ആവശ്യം ഉന്നയിക്കാനുള്ള ധാർമികതയുമില്ല. രാജിവെച്ച കീഴ്വഴക്കം കേരള രാഷ്ട്രീയത്തിൽ ഇല്ല. എഫ്.ഐ.ആറും കുറ്റപത്രവും ഉണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Leave a Reply