Headlines

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം അംഗീകൃത മറുപടിയല്ല

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുനഃസൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. കൊല്ലം കോര്‍പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല ആര്‍.ടി.ഐ സിറ്റിങിലെ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം നല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും. വിവരം നല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്ക് വിധേയമാകും.

വിവരം വൈകിച്ചാല്‍ 25,000 രൂപ വരെ പിഴയും നല്‍കേണ്ടി വരും. ആര്‍ടിഐ അപേക്ഷകരെ ഒരു കാരണവശാലും വിവരാധികാരികള്‍ ഹിയറിങിന് വിളിക്കരുത്. ഓഫീസില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍, അത്‌ലഭ്യമായ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. വിവരം ഫയലില്‍ ഉണ്ടെങ്കില്‍ അത്‌ നല്‍കാന്‍ 30 ദിവസം വരെ കാത്തുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങില്‍ 31 കേസുകളാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി പൊതുമരാമത്ത് റസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ വ്യക്തിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയറെ കമ്മീഷന്‍ താക്കീത് ചെയ്തു.

Leave a Reply