കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിന് തകർച്ചയോടെ തുടക്കം. തിരുവനന്തപുരം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയൽസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 ഓവറിൽ അഞ്ചിന് 45 എന്ന നിലയിലാണ്. റോയൽസിന്റെ മൂന്ന് താരങ്ങൾ റണ്ണൗട്ടായി. അഖിൻ സത്താർ രണ്ട് വിക്കറ്റ് വീഴ്ത്തി. സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കെസിഎൽ അരങ്ങേറ്റമാണിത്. സഹോദരൻ സാലി സാംസണാണ് ടീമിനെ നയിക്കുന്നത്.
സ്‌കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു റോയൽസിന്. ആദ്യ പന്തിൽ തന്നെ സുബിൻ (0) റണ്ണൗട്ടായി. തുടർന്നെത്തിയ റിയ ബഷീറിനെ (7) അഖിൻ സത്താർ മടക്കി. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ കൃഷ്ണ പ്രസാദും (11) റണ്ണൗട്ടായി. ഗോവിന്ദ് പൈ (3) ഇതുപോലെ റണ്ണൗട്ടായി. പിന്നാലെ നിഖിൽ (0) സ്ലിപ്പിൽ ക്യാച്ച് കൊടുത്ത് മടങ്ങി. അബ്ദുൾ ബാസിത് (17), അഭിജിത് പ്രവീൺ (6) എന്നിവരാണ് ക്രീസിൽ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവൻ അറിയാം…
ട്രിവാൻഡ്രം റോയൽസ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റൻ), സുബിൻ എസ് (വിക്കറ്റ് കീപ്പർ), ഗോവിന്ദ് ദേവ് പൈ, റിയ ബഷീർ, അബ്ദുൾ ബാസിത്ത്, നിഖിൽ എം, സഞ്ജീവ് സതരേശൻ, വിനിൽ ടി എസ്, അഭിജിത്ത് പ്രവീൺ വി, ബേസിൽ തമ്പി, ഫാസിൽ ഫാനൂസ്.
കൊച്ചി ബ്ലൂ ടൈഗേഴ്സ്: സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വിനൂപ് മനോഹരൻ, നിഖിൽ തോട്ടത്ത്, ജോബിൻ ജോബി, ആൽഫി ഫ്രാൻസിസ് ജോൺ, മുഹമ്മദ് ആഷിക്, അഖിൻ സത്താർ, കെ എം ആസിഫ്, രാകേഷ് കെ ജെ, ജെറിൻ പി എസ്.

