സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ സെപ്റ്റംബർ 27 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ചില ഇടങ്ങളിൽ 60 കിലോമീറ്റർ വരെ വേഗം എത്താമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകൾ പുതുക്കി പുറപ്പെടുവിക്കുമെന്ന് അധികൃതർ അറിയിച്ചു.

