സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണക്കെതിരെ സർക്കാർ നടപടി ശക്തമാക്കി. ഒരു മാസത്തിൽ 1014 വെളിച്ചെണ്ണ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകൾ ശേഖരിച്ച് നടപടികൾ സ്വീകരിച്ചു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തു. 1613 സ്ഥാപനങ്ങളിൽ നിന്നും 63 ലക്ഷം രൂപയുടെ പിഴ ഈടാക്കി. കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കും. ഓണക്കാലത്ത് സംസ്ഥാനത്ത് നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അടുത്ത ആഴ്ച മുതൽ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകൾ കർശനമാക്കും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകൾ കൂടി കേന്ദ്രീകരിച്ച് കർശന പരിശോധന ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി
ജില്ലാതലത്തിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരും മേഖലാ തലത്തിൽ ഡെപ്യൂട്ടി കമ്മീഷണർമാരും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ജില്ലകളിൽ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധനകൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഓണം ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ആസ്ഥാനത്ത് ഒരു സ്‌ക്വാഡ് രൂപീകരിക്കാനും നിർദേശം നൽകി.
ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനോ ലൈസൻസോ എടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമേ വിൽക്കാൻ പാടുള്ളൂ. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്.

