Headlines

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്; സമത്വ സ്നേഹത്തിന്റെ സമൂഹനോമ്പുതുറ

അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഫുജൈറയിലെ ഗാംഭീര്യമാർന്ന മിനാരങ്ങളെ തഴുകുമ്പോൾ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ അങ്കണത്തിൽ തെളിയുന്നത് സ്നേഹത്തിന്റെയും സമത്വത്തിന്റെയും മഹാചിത്രം. ഒരേ വരിയിൽ, ഒരേ മനസ്സോടെ വിവിധ രാജ്യക്കാരും മതക്കാരുമായ ഏഴായിരത്തിലധികം പേർ ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്ന കാഴ്ച മാനവികതയുടെ സന്ദേശമായി.പർവതനിരകൾ അതിരിട്ട ഈ എമിറേറ്റിൽ പങ്കുവെക്കലിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതിക്കൊണ്ട് ദിവസേന അയ്യായിരത്തിലേറെ പേർക്കാണ് വിഭവസമൃദ്ധമായ ഇഫ്താർ വിരുന്ന് നൽകുന്നത്. എമിറേറ്റിലെ ഏറ്റവും വലിയ സമൂഹനോമ്പുതുറയും ഇതുതന്നെ.

രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള യുഎഇയിലെ രണ്ടാമത്തെ വലിയ പള്ളിയായ ഫുജൈറ ഗ്രാൻഡ് മോസ്കിന്റെ വിശാലമായ മുറ്റത്താണ് ആയിരക്കണക്കിന് ആളുകൾ ഇഫ്താർ പുണ്യത്തിൽ ഒത്തുചേരുന്നത്. ജാതി-മത-ഭാഷാ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സ്വദേശികളും ഒരേ പന്തിയിൽ ഇഫ്താറിൽ പങ്കുചേരുന്നത് സവിശേഷത.

ഏഴായിരത്തിലേറെ പേർക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിക്കുന്നതിനായി നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. ഭക്ഷണം വിളമ്പുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും യുവാക്കളടക്കമുള്ള വൊളന്റിയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നു. റമസാൻ പൂർത്തിയാകുന്നതോടെ 2 ലക്ഷത്തിലേറെ പേർ ഇവിടെ ഇഫ്താർ വിരുന്നിന്റെ ഭാഗമാകും.

Leave a Reply