സ്വകാര്യവ്യക്തികൾ വീടുകളുടെ പുറത്ത് അനുമതിയില്ലാതെ കാർ പാർക്ക് ചെയ്യുന്നതിനായി ഷെഡ് നിർമിക്കുന്നതിന് ഷാർജ മുനിസിപ്പാലിറ്റി വിലക്കേർപ്പെടുത്തി. റസിഡൻഷ്യൽ മേഖലകളിൽ സ്ഥിരം പരിശോധന നടത്തുമെന്നും നിയമം ലംഘിച്ച് ഷെഡ് നിർമിച്ചവരോട് നീക്കംചെയ്യാൻ നോട്ടിസ് നൽകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
നിയമപരമായി അനുവദിച്ച പരിധിക്ക് പുറത്തേക്ക് വ്യാപിക്കുന്ന ഏതൊരു ഘടനയും അതിന്‍റെ രൂപകൽപനയോ ഉദ്ദേശ്യമോ പരിഗണിക്കാതെ നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർ അത് നീക്കംചെയ്യുന്നതിനുള്ള നിർദേശത്തോടൊപ്പം പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വീടുകളുടെ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന ഷെഡുകൾക്ക് അതോറിറ്റി പെർമിറ്റുകൾ അനുവദിക്കുന്നുണ്ടെങ്കിലും പ്ലോട്ടിന് പുറത്തുള്ള നിർമാണങ്ങൾക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഭൂമിക്കടിയിലൂടെയുള്ള യൂട്ടിലിറ്റി നെറ്റ്വർക്കുകൾ, ജല പൈപ്പ് ലൈനുകൾ, വൈദ്യുതി കേബിളുകൾ എന്നിവ ഉൾപ്പെടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായും നഗരസൗന്ദര്യം നിലനിർത്തുന്നതിനുമാണ് നടപടിയെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ടെക്നിക്കൽ സർവിസസ് ഡയറക്ടർ എൻജിനീയർ ഖലീഫ ബിൻ ഹദാ അൽ സുവൈദി പറഞ്ഞു.

