Headlines

ഷാർജയിലെ നാല് പുരാവസ്തു കേന്ദ്രങ്ങൾ ആഗോള പൈതൃക പട്ടികയിൽ

എമിറേറ്റിലെ നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങളെ ഇസ്‌ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ ആഗോള പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. വെങ്കലയുഗത്തിലെ ചെമ്പ് ഖനനത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്ന വാദി അൽ ഹെലോ, പുരാതന മനുഷ്യവാസത്തിന്റെ തെളിവുകൾ പേറുന്ന അൽ ഫായയിലെ ചരിത്രഭൂമി, പർവ്വതപ്രദേശങ്ങളിലെ പരമ്പരാഗത ജീവിതശൈലി വിളിച്ചോതുന്ന അൽ നഹ്‌വ, ഖോർഫക്കാനിലെ ചരിത്രപ്രസിദ്ധമായ കോട്ടകളും ഗോപുരങ്ങളും എന്നിവയാണ് പുതുതായി അംഗീകാരം നേടിയ സ്ഥലങ്ങൾ. ഇതോടെ പട്ടികയിലിടം പിടിച്ച ഷാർജയിലെ ചരിത്രസ്മാരകങ്ങളുടെ ആകെ എണ്ണം പത്തായി ഉയർന്നു.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പൈതൃക സംരക്ഷണത്തിന് നൽകുന്ന വലിയ പ്രാധാന്യത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഷാർജ പുരാവസ്തു അതോറിറ്റി വ്യക്തമാക്കി. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യ കുടിയേറ്റത്തിന്റെ അടയാളങ്ങൾ മുതൽ കടൽമാർഗമുള്ള വ്യാപാരപാതകളെ സംരക്ഷിക്കാൻ പണികഴിപ്പിച്ച പ്രതിരോധ സംവിധാനങ്ങൾ വരെ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ചരിത്രസ്മാരകങ്ങളെ രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസരിച്ച് സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും ശാസ്ത്രീയ പഠനങ്ങൾക്കും ഈ അംഗീകാരം വലിയ കരുത്തുപകരും.

Leave a Reply