യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.ശൈഖ് മൻസൂറിൻറെ കുവൈത്ത് സന്ദർശനത്തിൻറെ ഭാഗമായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ചർച്ചയായി. കുവൈത്തുമായി യു.എ.ഇ പ്രതിനിധിസംഘം വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുകയും ചെയ്തു.
നയതന്ത്ര സഹകരണം, കര ഗതാഗതം, സാമൂഹിക കാര്യങ്ങളും വികസനവും, വ്യവസായവും നൂതന സാങ്കേതിക വിദ്യയും, വിദ്യാഭ്യാസ സഹകരണം, എണ്ണ, വാതകം, മനുഷ്യക്കടത്ത് തടയൽ, വൈദ്യുതി, വെള്ളം, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, സംയുക്ത സുരക്ഷ പദ്ധതികളിൽ ഡേറ്റയുടെയും വിവരങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ധാരണപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അൽ അഹ്‌മദ് അസ്സബാഹിൻറെയും ശൈഖ് മൻസൂറിൻറെയും മേൽനോട്ടത്തിലായിരുന്നു ഒപ്പുവെക്കൽ.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അൽ അഹ്‌മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

