Headlines

ശശി തരൂർ അദാനി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ രക്ഷാധികാരി

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാനി ട്രിവാൻഡ്രം റോയൽസ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂർ എംപി ചുമതലയേറ്റു. സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്.

കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. ‘തിരുവനന്തപുരത്തെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തീരദേശ മേഖലയിൽ നിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. തനിക്ക് ഏറെ താൽപര്യമുള്ള ഈയൊരു ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്.’-തരൂർ കൂട്ടിച്ചേർത്തു.

തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാണെന്ന് പ്രോ വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് ഡയറക്ടർ ജോസ് പട്ടാറ വ്യക്തമാക്കി. ‘തിരുവനന്തപുരത്ത് ശക്തമായ ഒരു അടിസ്ഥാന ക്രിക്കറ്റ് സംവിധാനം വളർത്തിയെടുക്കുക എന്ന ടീമിന്റെ ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം കരുത്തേകും. തരൂരിന്റെ മാർഗനിർദേശത്തിൽ ടീം മികച്ച മുന്നേറ്റം നടത്തുമെന്ന് ഉറപ്പുണ്ട്.’- പട്ടാറ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ 2024-ൽ ആരംഭിച്ച കെസിഎൽ, നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായ പ്രൊഫഷണൽ ടി20 ലീഗാണ്. നിരവധി കളിക്കാരെ ഐപിഎൽ പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കാൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്

Leave a Reply