Headlines

ശ്രേയസ് അയ്യരെ ഇന്ത്യ എ ടീം ഏകദിന നായകനായി പ്രഖ്യാപിച്ച് ബിസിസിഐ

ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റിനു തൊട്ടുമുന്‍പ് ഇന്ത്യൻ ടീം ക്യാംപ് വിട്ട ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നടപടി വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനെ നയിച്ച ശ്രേയസ് രണ്ടാം ടെസ്റ്റില്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയാണ് ക്യാംപ് വിട്ടത്. എന്നാല്‍ താരം എന്തുകൊണ്ടാണ് ടീമില്‍ നിന്നു ഒഴിവായത് എന്നതു സംബന്ധിച്ചു വ്യക്തത വന്നിരുന്നില്ല. ശ്രേയസ് ടീമില്‍ നിന്നു ഒഴിവായതിന്റെ കാര്യം ബിസിസിഐ ഇപ്പോള്‍ വെളിപ്പെടുത്തി. അടുത്ത ആറ് മാസത്തേക്ക് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നു ശ്രേയസ് വ്യക്തമാക്കിയെന്നു ബിസിസിഐ വ്യക്തമാക്കി. കടുത്ത പുറംവേദനയെ തുടര്‍ന്നു താരം ഈയടുത്ത് യുകെയില്‍ ശസ്ത്രക്രിയ്ക്കു വിധേയനായിരുന്നു. അതിനാലാണ് ടെസ്റ്റ് ടീമില്‍ നിന്നു ആറ് മാസത്തേക്കു വിട്ടുനില്‍ക്കാന്‍ താരം തീരുമാനിച്ചത്.

ഓസീസ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ശ്രേയസ് തന്നെ നയിക്കും. ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 30 മുതല്‍ കാണ്‍പുരിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. രജത് പടിദാറാണ് റെസ്റ്റ് ഓഫ് ഇന്ത്യ നായകന്‍. രഞ്ജി ട്രോഫി ചാംപ്യന്‍മാരായ വിദര്‍ഭയ്‌ക്കെതിരെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി കളിക്കുന്നത്. ഒക്ട്‌ബോര്‍ ഒന്ന് മുതല്‍ നാഗ്പുരിലാണ് പോരാട്ടം.

Leave a Reply