ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം പുരാവസ്തുവായി വിറ്റതായി ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. 500 കോടി രൂപയുടെ മൂല്യമുണ്ട് അതിന്. വിവരം തന്ന വ്യക്തി മാധ്യമങ്ങൾക്ക് മുന്നിൽ പേര് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തോട് സംസാരിക്കാൻ അദ്ദേഹം തയ്യാറാണെന്നും ചെന്നിത്തല വ്യക്തമാക്കി
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എസ്‌ഐടിക്ക് കത്ത് നൽകുമെന്ന് ചെന്നിത്തല പറഞ്ഞു. സ്വർണക്കൊള്ളയ്ക്കു പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു മാഫിയാ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് അന്തർദേശീയ കള്ളക്കടത്തുകാരൻ സുഭാഷ് കപൂറുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വിവരം നൽകിയയാൾ എസ്‌ഐടി ചോദിച്ചാൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെളിവ് നൽകിയ വ്യക്തി രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എസ്‌ഐടി ചോദിച്ചാൽ ഇദ്ദേഹം കാര്യങ്ങൾ വിശദീകരിക്കും. എസ്‌ഐടി അന്വേഷണം ആ രീതിയിൽ പോയാൽ വമ്പൻ സ്രാവുകൾ പിടിയിലാവുമെന്നും ചെന്നിത്തല പറഞ്ഞു.

