Headlines

ശബരിമല സ്വർണക്കൊള്ള, പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല എന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യം ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നിൽ സർക്കാരാണെന്ന തരത്തിൽ യുഡിഎഫും ബിജെപിയും പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേസിൽ നിരവധി കാര്യങ്ങൾ കൂടി അന്വേഷിക്കേണ്ടതുണ്ടെന്നും ശിക്ഷ ഉറപ്പാക്കുന്നതിന് ഗുണമേൻമയുള്ള അന്വേഷണം അനിവാര്യമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ സമയം എടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറല്ല. ചർച്ചചെയ്താൽ ഒരുപാട് വസ്തുതകൾ അവരുടെ മുൻപിലേക്ക് വരും. നുണ പ്രചരിപ്പിക്കുമ്പോൾ ആ പ്രയാസം അവർക്ക് ഉണ്ടാകില്ല. പോറ്റിയെക്കുറിച്ച് വലിയ പ്രചരണം നടക്കുന്നു.പോറ്റിയെ കേറ്റിയത് എൽഡിഎഫ് ആണ് എന്ന് പ്രചരിപ്പിക്കുന്നു. 2004 ലാണ് പോറ്റി ശബരിമലയിൽ കയറിയത്. അന്ന് ആരായിരുന്നു ദേവസ്വം മന്ത്രി. അന്നുമുതലാണ് പോറ്റിക്ക് എല്ലാ കളികളും കളിക്കാനുള്ള അവസരം ഒരുങ്ങിയത് എന്നും അദേഹം പറഞ്ഞു.ഇതെല്ലാം വിഷമമുണ്ടാക്കുന്ന വസ്തുതകളായ കാര്യങ്ങൾ ആയതുകൊണ്ട് പുറത്തു വരാതിരിക്കുകയാണ്. അതുകൊണ്ടാണ് യുഡിഎഫ് ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനം സ്വീകരിക്കുന്നത്. പോറ്റിയെ എൽഡിഎഫ് സംരക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അതിന് എന്തെങ്കിലും വസ്തുതയുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു

Leave a Reply