ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി. പോറ്റിയും കടകംപള്ളിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും വിശദമായ പരിശോധന തുടങ്ങി. ഹൈക്കോടതിയ്ക്ക് പിന്നാലെ സുപ്രീം കോടതിയും സ്വർണക്കൊള്ളയിൽ കടുത്ത വിമർശനം ഉന്നിയിച്ചു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്‍റെ ജാമ്യ ഹർജി തള്ളി കോടതിയുടെ ചോദ്യം.
ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് സ്വർണക്കൊള്ളയിലെ പ്രധാന പ്രതി പോറ്റിയുമായി തനിക്കുള്ള പരിചയമെന്നും 1 തവണ മാത്രമാണ് തമ്മിൽ കണ്ടതെന്നുമായിരുന്നു ഡിസംബർ 28ന് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ കടകംപള്ളിയുടെ മൊഴി. എന്നാൽ, ഈ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ ്എസ്ഐടി നിലപാട്. മന്ത്രി എന്ന നിലയ്ക്കപ്പുറം കടകംപള്ളി പോറ്റിയുടെ വീട്ടിൽ രണ്ട് തവണ എത്തി എന്ന് മഹസർ സാക്ഷി വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിക്കാനെത്തി. ഒരു തവണ പൊലീസ് അകമ്പടിയിലെത്തി. കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയെന്ന് ചോദ്യം ചെയ്യലിൽ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഇതടക്കം ഇരുവരും തമ്മിൽ 2019ൽ ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുകയാണ്.
ഹൈക്കോടതി അനുമതിയോടെ ശബരിമലയിൽ എസ്ഐടി കഴിഞ്ഞ ദിവസം നടത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. പഴയ വാതിലിൽ നിന്നും ശേഖരിച്ച സാമ്പിളും എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കും പരിശോധനക്കായി അയക്കാൻ കോടതിയിൽ നൽകും. രണ്ടു ദിവസത്തിനുള്ളിൽ ദ്വാരപാലക, കട്ടികളപാളി സാമ്പിളുകള്‍ പരിശോധിച്ച വിഎസ്എസ്സി ശാസ്ത്രജ്ഞരിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. പാളികൾ അപ്പാടെ മാറ്റിയോ എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണിത്.

