ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ ഇളക്കിമാറ്റിയ സ്വര്‍ണപ്പാളി തിരികെ എത്തിക്കുക പ്രായോഗികമല്ല; പി എസ് പ്രശാന്ത്

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ ഇളക്കിമാറ്റിയ സ്വര്‍ണപ്പാളി തിരികെ എത്തിക്കുക എന്നത് പ്രായോഗികമല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. അറ്റകുറ്റപ്പണിക്കായി അയച്ച സ്വര്‍ണപ്പാളികള്‍ ഉടന്‍ തിരികെയെത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയില്‍ എത്തിച്ച് ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞു. ഇലക്ട്രോ പ്ലേറ്റിങ് എന്നത് ഒരു രാസപ്രക്രിയയാണ്. ഇത് സന്നിധാനത്തു ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് ചെന്നൈയിലേക്കു കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു. ദ്വാരപാലക ശില്പങ്ങളിലെ ഇളക്കിമാറ്റിയ സ്വര്‍ണപ്പാളി ഇളക്കിമാറ്റിയതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോര്‍ഡ് വലിയ അപരാധം ചെയ്തുവെന്ന തരത്തിലാണ് വിഷയത്തില്‍ പ്രചാരണം നടക്കുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയത് തന്ത്രിമാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. ഭക്തന്മാര്‍ നിക്ഷേപിക്കുന്ന ചില്ലറനാണയങ്ങള്‍ പതിച്ച് സ്വര്‍ണപ്പാളികള്‍ക്കു കേടുപാടുകള്‍ ഉണ്ടായിരുന്നു. ശ്രീകോവിലിന് മുന്നില്‍ കേടുപാടുകള്‍ പാടില്ലെന്ന് തന്ത്രിമാര്‍ രേഖാമൂലം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കുകയും ബന്ധപ്പെട്ട തിരുവാഭരണം കമ്മിഷണറെ അറ്റകുറ്റപ്പണിയ്ക്ക് ചുമതലപ്പെടുത്തുകയുമായിരുന്നു. പൊലീസില്‍നിന്നു ഡപ്യൂട്ടേഷനില്‍ എത്തിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് വിഭാഗം ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ദേവന്റെ അനുജ്ഞ വാങ്ങി സ്വര്‍ണപ്പാളികള്‍ ഇളക്കിയതെന്നും പ്രശാന്ത് പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതില്‍ തന്ത്രിയുടെ വാക്കാണ് അതില്‍ അന്തിമം. ഇത് നടപ്പാക്കുക എന്നത് ബോര്‍ഡിന്റെ ബാധ്യതയാണ്. കോടതി അനുമതി തേടുക എന്നത് സാങ്കേതിക പ്രശ്നമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമായെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയുള്ള നടപടി ഉചിതമായില്ല. പ്രധാനപ്പെട്ട തീരുമാനമെടുക്കും മുമ്പ് എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അതിന് ശ്രമിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

Leave a Reply