പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ രംഗത്ത്. ഇതു പുതിയ വാർത്ത അല്ലെന്നും കഴിഞ്ഞ മെയ് മാസത്തിൽ തന്നെ മലയാളം മാധ്യമങ്ങളിലെല്ലാം ഈ സംഭവം വന്നിട്ടുള്ളതാണെന്നും വി മുരളീധരൻ പ്രതികരിച്ചു. അന്ന് ഈ വിഷയത്തിൽ വിശദമായ പ്രതികരണം നൽകുകയും ചെയ്തിരുന്നു. വ്ലോഗർക്കൊപ്പമുള്ള മുരളീധരൻ്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ.
ജ്യോതി മൽഹോത്രയെ പണം കൊടുത്ത് കൊണ്ടുവന്നു എന്ന വിവരം പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു. അതിനാലാണ് പഴയ വാർത്തകൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. വന്ദേ ഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ നിരവധി ആളുകൾ തന്റെ പ്രതികരണം എടുത്തിട്ടുണ്ട്. മലയാളം മാധ്യമങ്ങൾ മുഴുവൻ ആ യാത്ര കവർ ചെയ്തതാണ്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിൽ ആക്കാമെന്ന് കരുതേണ്ടെന്നും വി മുരളീധരൻ പറഞ്ഞു.

