Headlines

വ്യാജ ഓൺലൈൻ പരസ്യം വഴി തട്ടിപ്പ്, രണ്ടു വിദേശികൾ പിടിയിൽ

വ്യാജ ഓൺലൈൻ പരസ്യം വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഈജിപ്ത് പൗരന്മാരാണ് പിടിയിലായത്. വിവിധ ഗവർണറേറ്റുകളിൽ വീട്, അപ്പാർട്‌മെന്റ്, വാണിജ്യസ്ഥാപനങ്ങൾ, വിനോദ കെട്ടിങ്ങൾ തുടങ്ങിയവ വാടകക്ക് നൽകുന്നതായി കാണിച്ച് വ്യാജ പരസ്യം നൽകി തട്ടിപ്പ് നടത്തിവന്നയാളെയാണ് മസ്‌കത്ത് പൊലീസ് പിടികൂടിയത്.

ബുക്കിങ് ഉറപ്പാക്കാൻ ബാങ്ക് ട്രാൻസ്ഫർ വഴി മുൻകൂർ പണമടക്കാൻ ഇരകളെ നിർബന്ധിച്ചായിരുന്നു തട്ടിപ്പ്. ഒന്നിലധികം വ്യക്തികളെ വഞ്ചിച്ചതിന് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സമൂഹമാധ്യമങ്ങളിൽ ഫാമുകളുടെയും ഷാലെറ്റുകളുടെയും (ഉല്ലാസകേന്ദ്രങ്ങൾ) വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നിതനെതിരെ റോയൽ ഒമാൻ പൊലീസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഗവർണറേറ്റുകളിലുടനീളമുള്ള അറിയപ്പെടുന്ന ഫാമുകൾ, ഷാലെറ്റുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ബുക്കിങ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് തട്ടിപ്പ് സംഘം കൂടുതലായി പ്രചരിപ്പിക്കുന്നത്. നിലവിലില്ലാത്ത റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാനായി ഈ പരസ്യങ്ങളിൽ തട്ടിപ്പ് സംഘത്തിന്റെ നമ്പറുകളും മറ്റുമാണ് നൽകുന്നത്.

തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ ബാങ്ക് ട്രാൻസ്ഫറുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ പണമയച്ചുകഴിഞ്ഞാൽ പിന്നെ സംഘം പ്രതികരിക്കില്ല. ബുക്കിങ് സ്ഥിരീകരണമോ മറ്റോ ലഭിക്കാതിരിക്കുമ്പോഴാണ് തട്ടിപ്പ് പലർക്കും മനസ്സിലാകുന്നത്. പണം സ്വീകരിക്കുന്നയാളുടെ ഐഡന്റിറ്റിയും സ്ഥാപനത്തിന്റെ ആധികാരികതയും പരിശോധിക്കാതെ ഏതെങ്കിലും തുക കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടിരുന്നു.

Leave a Reply