Headlines

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന അപൂർവ ബാക്ടീരിയ; നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന അപൂർവ ബാക്ടീരിയയെ കണ്ടെത്തി ശാസ്ത്രജ്ഞർ. ശ്വസന പ്രക്രിയയ്ക്കിടെ ഇവ വൈദ്യുതി ഉത്പാദിപ്പിക്കുന്നതായാണ് കണ്ടെത്തൽ. റൈസ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. മിക്ക ജീവജാലങ്ങളും ഭക്ഷണത്തിന്റെ ഉപാപചയ പ്രക്രിയക്കും ഊർജ ഉത്പാദനത്തിനുമായി ഓക്സിജനെ ആശ്രയിക്കുമ്പോൾ, ചില ബാക്ടീരിയകൾ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി നാഫ്തോക്വിനോൺസ് എന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ.

ഈ പ്രക്രിയയെ എക്സ്ട്രാ സെല്ലുലാർ ശ്വസനം എന്നാണ് വിളിക്കുന്നത്. ബാറ്ററികൾ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇതുവഴി ഓക്സിജൻ ഇല്ലാതെ തന്നെ ബാക്ടീരിയകൾക്ക് വളരാൻ സാധിക്കുമെന്ന് പഠനം കണ്ടെത്തി. വളരെ മുമ്പ് തന്നെ ബയോടെക്നോളജിയിലെ ഈ അസാധാരണ ശ്വസന രീതി ശാസ്ത്രജ്ഞർക്ക് പരിചിതമായിരുന്നുവെങ്കിലും അതിന് പിന്നിലെ പ്രവർത്തന ഘടന എന്താണെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണ്.

പുതിയ കണ്ടെത്തലിന് യഥാർത്ഥ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകൾ മലിനജല സംസ്‌കരണം, ബയോമാനുഫാക്ചറിംഗ് തുടങ്ങിയ ബയോടെക്നോളജി പ്രക്രിയകളിലെ ഇലക്ട്രോൺ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. രോഗ നിർണയം, മലിനീകരണ നിരീക്ഷണം, ശൂന്യാകാശ പര്യവേക്ഷണം ഉൾപ്പടെയുള്ള മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനാവും. ബയോടെക്നോളജിയിൽ ഈ അസാധാരണ ശ്വസനരീതി ശാസ്ത്രജ്ഞർ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിന് പിന്നിലെ സംവിധാനം കണ്ടെത്താൻ അവർക്ക് കഴിയുന്നത് ഇതാദ്യമാണ്.ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കൂടുതൽ സുസ്ഥിരവും സ്മാർട്ടുമായ സാങ്കേതിക വിദ്യകൾ നിർമിക്കുന്നതിനുള്ള വാതിലുകൾ തുറക്കുമെന്ന് റൈസ് സർവകലാശാലയിലെ പഠനത്തിന് നേതൃത്വം നൽകിയ ബയോസയൻസസ് പ്രൊഫസർ കരോലിൻ അജോ ഫ്രാങ്ക്ലിൻ പറഞ്ഞു.

Leave a Reply