വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നിവയിൽ നിക്ഷേപം നടത്തുന്നതു യുഎഇയുടെ ഭാവി വികസനത്തിന് അത്യന്താപേക്ഷിതമാണെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പുതുതലമുറയെ വിജ്ഞാനത്തിലും സാങ്കേതികവിദ്യയിലും ശാക്തീകരിക്കുക എന്നതാണു ലക്ഷ്യമിടുന്നതെന്നും വിശദീകരിച്ചു. ദുബായ് മദീനത്ത് ജുമൈറയിൽ നടന്ന വേൾഡ് ലോറിയറ്റ്സ് സമ്മിറ്റിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നൊബേൽ സമ്മാന ജേതാക്കളുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനത്തിൽ നൂറിലേറെ അവാർഡ് ജേതാക്കൾ ഉൾപ്പെടെ ലോകത്തെ നൂറ്റൻപതോളം ശാസ്ത്രജ്ഞർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
മാനവികത നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ശാസ്ത്രീയ ഐക്യം എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം. ആധുനിക ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വെല്ലുവിളികളെ ശാസ്ത്രീയമായി എങ്ങനെ നേരിടാം എന്നാണു സമ്മേളനം പരിശോധിക്കുന്നത്. നാളെ ആരംഭിക്കുന്ന ലോക സർക്കാർ ഉച്ചകോടിക്കു മുന്നോടിയായിട്ടായിരുന്നു സമ്മേളനം.
വേൾഡ് ലോറിയറ്റ്സ് സമ്മിറ്റ്; പുതുതലമുറയെ കരുത്തരാക്കാൻ സാങ്കേതികവിദ്യ

