Headlines

വേഗം കൂടി ഗതാഗതം: അൽ ഖുദ്രയിൽ നാലുവരി പാലം തുറന്നു

പുതിയ നാലുവരി പാലം തുറന്നതോടെ അൽ ഖുദ്ര റോഡിൽ ഇപ്പോൾ മണിക്കൂറിൽ കടന്നുപോകുന്നതു മണിക്കൂറിൽ 19,200 വാഹനങ്ങൾ. നേരത്തേ ഇത് 6600 ആയിരുന്നു. 600 മീറ്റർ പാലം അറേബ്യൻ റാഞ്ചസിനെ ദുബായ് സ്റ്റുഡിയോ സിറ്റിയുമായി നേരിട്ടു ബന്ധിപ്പിക്കും. ഇതോടെ അൽഖുദ്ര റോഡ്, അറേബ്യൻ റാഞ്ചസ്, ദുബായ് സ്റ്റുഡിയോ സിറ്റി മേഖലകളിലെ ഗതാഗതം കൂടുതൽ സുഗമമായി. നിലവിലുള്ളതിനേക്കാൾ 191% അധികം വാഹനം ഉൾക്കൊള്ളാനുള്ള ശേഷി റോഡിനു കൈവന്നു. 113 സെക്കൻഡിൽ നിന്ന് 52 സെക്കൻഡായി കാത്തിരിപ്പു സമയം കുറയ്ക്കാനായി എന്നതാണു പ്രധാന നേട്ടം.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു തുടങ്ങി ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡ് വരെ നീളുന്ന അൽ ഖുദ്ര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായാണു പുതിയ പാലം നിർമിച്ചത്.

രണ്ടാമത്തെ പാലം 15നു തുറക്കും. അൽ ഖുദ്രയ്ക്കും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിനും ഇടയിലുള്ളതാണു പുതിയ പാലം. 700 മീറ്റർ പാലത്തിൽ 2 വരി റോഡാണുള്ളത്. പുനരുദ്ധാരണ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാ സമയം 70 % വരെ കുറയും. നിലവിൽ 9.4 മിനിറ്റ് എടുക്കുന്ന യാത്ര 2.8 മിനിറ്റാകും. ഈ മേഖയിലെ 4 ലക്ഷത്തോളം താമസക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ദുബായിയുടെ കിഴക്കു – പടിഞ്ഞാറൻ റോഡ് ഇടനാഴി വികസന പദ്ധതിയിൽ ഏറ്റവും പ്രധാനമാണ് അൽ ഖുദ്ര റോഡ്. അറേബ്യൻ റാഞ്ചസ് 1,2, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ദമാക്ക് ഹിൽസ്, മുഡോൺ, സസ്റ്റെയിനബിൾ സിറ്റി എന്നിവിടങ്ങൾക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Leave a Reply