Headlines

വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥയേര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. മിച്ചല്‍ സാന്റനര്‍ (28 പന്തില്‍ പുറത്താവാതെ 55) ഒരു വശത്ത് പൊരുതിയെങ്കിലും വിജയത്തിന് ആവശ്യമായ പിന്തുണ സഹതാരങ്ങളില്‍ നിന്ന് ലഭിച്ചില്ല. ജെയ്ഡന്‍ സീല്‍സ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സാന്റ്‌നര്‍ക്ക് പുറമെ ടിം റോബിന്‍സണ്‍ (27), ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (21), ഡാരില്‍ മിച്ചല്‍ (13), ജെയിംസ് നീഷം (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മാര്‍ക് ചാപ്മാന്‍ (7), മൈക്കല്‍ ബ്രേസ്‌വെല്‍ (1), സക്കാരി ഫൗള്‍ക്‌സ് (1), കെയ്ല്‍ ജെയ്മിസണ്‍ (2) എന്നിവരും പുറത്തായി. അവസാന മൂന്ന് ഓവറില്‍ 56 റണ്‍സാണ് ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 18-ാം ഓവറില്‍ 23 റണ്‍സ് മിച്ചല്‍ സാന്റ്‌നര്‍ അടിച്ചെടുത്തു. പിന്നീട് രണ്ട് ഓവറില്‍ വേണ്ടത് 33 റണ്‍സ്.

ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 19-ാം ഓവറിന്റെ ആദ്യ മൂന്ന് പന്ത് ബൗണ്ടറി പായിച്ച് സാന്റ്‌നര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള മൂന്ന് പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ്. എന്നാല്‍ 12 റണ്‍സ് നേടാനാണ് സാധിച്ചത്. വിന്‍ഡീസിന് ഏഴ് റണ്‍സ് ജയം.

Leave a Reply