മികച്ച ജീവിതശൈലി പിന്തുടരുന്നതിലൂടെ വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ കഴിയും. സമീകൃതഭക്ഷണം ശീലമാക്കുക. ഉപ്പ്, പഞ്ചസാര ഇവയുടെ അളവ് കുറയ്ക്കുക, എപ്പോഴും ആക്റ്റീവ് ആയിരിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഉപേക്ഷിക്കുക ഇവയെല്ലാം വൃക്കകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ വൃക്കയുടെ ആരോഗ്യത്തിനായി കഴിക്കണം. അതേസമയം ചിലത് അമിതമായി കഴിക്കുന്നതും വൃക്കയുടെ ആരോഗ്യം നശിപ്പിക്കും. രക്തത്തിൽ നിന്ന് മാലിന്യവും അധിക ദ്രാവകവും ഫിൽറ്റർ ചെയ്തു കളയുന്നത് വൃക്കകളാണ്. വൃക്കകൾ പണി മുടക്കിയാൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കാം. വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്.
അതിൽ പ്രധാനിയാണ് ഉപ്പ്. ഉപ്പില്ലാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ പ്രോസസ്ഡ് ഭക്ഷണങ്ങൾ, സ്നാക്സ് പോലുള്ളവയിൽ അടങ്ങിയ അമിതമായ ഉപ്പിന്റെ അളവ് ശരീരത്തില്‍ എത്തുന്നത് പതിവാകുമ്പോള്‍, ഫ്ലൂയ്ഡ് റിറ്റൻഷനിലേക്കും ഉയർന്ന രക്തസമ്മർദത്തിലേക്കും നയിക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ചിപ്സ്, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ ഇവയിൽ സോഡിയം ധാരാളമുണ്ടാവും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കും. അതുപോലെ റെഡ് മീറ്റിൽ യൂറിക് ആസിഡിന്റെ അളവു കൂടുതലായതിനാൽ ഇത് വൃക്കകളുടെ പണി ഇരട്ടിയാക്കും. കാലക്രമേണ വൃക്കകളിൽ കല്ലു വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പായ്ക്ക് സ്നാക്സ്, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ പോലുള്ളവയില്‍ സോഡിയവും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ധാരാളമായുണ്ട്. ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താം. ഇത് കാലക്രമേണ അവയുടെ ആരോഗ്യം നശിപ്പിക്കും. കൂടാതെ സോഡ, മധുര പാനീയങ്ങള്‍ ഇവ പതിവായി കഴിക്കുന്നത് പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താൻ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇൻസുലിൻ റസിസ്റ്റൻസിനും കാരണമാകും. വൃക്കരോഗസാധ്യതയുള്ളവരിൽ രോഗം വരാനും ഇത് കാരണമാകും.
പാലുൽപ്പന്നങ്ങൾ അമിതമായി കഴിച്ചാൽ ഫോസ്ഫറസിന്റെയും കാത്സ്യത്തിന്റെയും അളവ് കൂടുകയും ഇത് വൃക്കയിൽ കല്ലിലേക്ക് നയിക്കുകയും ചെയ്യും. വൃക്കരോഗം ഉള്ളവർ അമിതമായി പാലുൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ അത് വൃക്കകളെ കൂടുതൽ ദുർബലപ്പെടുത്തും. കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വൃക്കകൾക്ക് ക്രമേണ ആയാസമുണ്ടാക്കുകയും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യും. ഇവ അമിതമായാല്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാനും കാരണമാകും.
എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയർന്ന രക്തസമ്മർദത്തിനും കാരണമാകും. ഒപ്പം ഇത് വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

