Headlines

വീട്ടുജോലിക്കാരുടെ നിയമനം: 230 അക്കൗണ്ടുകൾ പൂട്ടിച്ച് യുഎഇ

ലൈസൻസില്ലാതെ വീട്ടുജോലിക്കാരുടെ നിയമനം വാഗ്ദാനം ചെയ്ത് സമൂഹമാധ്യമം വഴി പ്രവർത്തിച്ചിരുന്ന 230 അക്കൗണ്ടുകൾ യുഎഇ അധികൃതർ പൂട്ടിച്ചു. 2025ലാണ് ഇത്രയും നടപടികളുണ്ടായതെന്ന് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയും അംഗീകൃത റിക്രൂട്ട്‌മെന്റ് ഓഫിസുകളുമായി ബന്ധമില്ലാതെയും പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരെയാണ് നടപടി.അനധികൃതമായി വീട്ടുജോലിക്കാരെ എത്തിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ ഏജൻസികളെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് മെഡിക്കൽ പരിശോധന, പശ്ചാത്തല പരിശോധന തുടങ്ങിയ നിയമപരമായ സുരക്ഷകൾ ലഭിക്കില്ല. ഇത് കുടുംബങ്ങളുടെ സുരക്ഷയെത്തന്നെ ബാധിച്ചേക്കാം. രാജ്യത്തെ സ്വദേശികളും പ്രവാസികളും വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ അംഗീകൃത ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫിസുകളെ മാത്രമേ സമീപിക്കാവൂ. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ പരിശീലനം സിദ്ധിച്ച തൊഴിലാളികളെയും കൃത്യമായ സേവന പാക്കേജുകളും ഉറപ്പാക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സംശയാസ്പദമായ പരസ്യങ്ങളോ തെറ്റായ വാഗ്ദാനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ വിവരം അറിയിക്കണം. അംഗീകൃത ഓഫിസുകളുടെ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply