അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അവസാനമായി കാണാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെത്തി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ച് അദ്ദേഹം അന്ത്യാഞ്ജലി നേർന്നു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് എം.എ യൂസഫലി എത്തിയത്. വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കുചേർന്നു.
ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വി.വി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം മടങ്ങിയത്. നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവും, അതിലുപരി നല്ലൊരു രാഷ്ട്രീയ നേതാവുമായിരുന്നു വി.എസ്. പ്രവാസികൾക്കായി നോർക്ക റൂട്‌സ് ചെയർമാനായിരിക്കെ ബൃഹത്തായ ഇടപെടലുകൾ നടത്തി -എം.എ യൂസഫലി പറഞ്ഞു.

