പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സീരീസ് ഫോണായ വിവോ എക്‌സ്300 ഫൈവ്ജി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വിവോ എക്‌സ് 300 പ്രോയില്‍ സാംസങ് എച്ച്പിബി സെന്‍സറുള്ള 200 എംപി ടെലിഫോട്ടോ ലെന്‍സ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഫോണിലെ 200എംപി ടെലിഫോട്ടോ ലെന്‍സില്‍ 1/1.4ഇഞ്ച് സെന്‍സര്‍ ഉണ്ടാകും. മികച്ച ചിത്രങ്ങള്‍ക്ക് 85എംഎം ഫോക്കല്‍ ലെങ്‌തോടു കൂടിയാണ് ഫോണ്‍ വരുന്നത്. കൂടാതെ, മെച്ചപ്പെട്ട കാമറ പ്രകടനത്തിന് Zeiss T കോട്ടിങ്, ഫ്‌ലൂറൈറ്റ് ഗ്ലാസ് ഘടകങ്ങള്‍, APO സര്‍ട്ടിഫിക്കേഷന്‍ എന്നിവയും ഫീച്ചറുകളായി വരും. മോഷന്‍ ബ്ലര്‍ ഇഫക്റ്റുകളും സ്ലോ ഷട്ടര്‍ സ്പീഡും കൊണ്ടുവരാന്‍ കഴിയുന്ന CIPA 5.5 ലെവല്‍ സ്റ്റെബിലൈസേഷന്‍ ആണ് മറ്റൊരു പ്രത്യേകത. ദീര്‍ഘദൂരത്തിലുള്ള കാഴ്ചകള്‍ വേഗത്തില്‍ ഒപ്പിയെടുക്കുന്നതിനായി വിവോ ഒരു ഫോക്കസ് ട്രാക്കിങ് എന്‍ജിനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പുതിയ ഹാര്‍ഡ്വെയറും എഐ അധിഷ്ഠിത പ്രോസസ്സിംഗും ഉള്‍പ്പെടുന്ന വിവോയുടെ ഇന്‍-ഹൗസ് ‘ബ്ലൂപ്രിന്റ്’ അല്‍ഗോരിതം ഉപയോഗിച്ച് ലെന്‍സിന്റെ വ്യക്തത വര്‍ദ്ധിപ്പിക്കും. കൂടാതെ, വിവോ എക്‌സ്300 സീരീസില്‍ VS1 പ്രീ-പ്രോസസിംഗ് ചിപ്പും V3+ ഡ്യുവല്‍ കോര്‍ ഇമേജിങ് സിസ്റ്റവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു ടെലിഫോട്ടോ ലെന്‍സിന് പുറമേ, വിവോ എക്‌സ്300 പ്രോ ഫൈവ്ജിയില്‍ 1/1.3 ഇഞ്ച് സോണി LYT828 സെന്‍സറുള്ള 50MP പ്രധാന കാമറയും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയാടെക് ഡൈമെന്‍സിറ്റി 9500 പ്രോസസറില്‍ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കും. മീഡിയാടെക്കിന്റെ ഫ്‌ലാഗ്ഷിപ്പ് ചിപ്സെറ്റ് ലോഞ്ച് ചെയ്യുന്ന അതേ മാസത്തില്‍ തന്നെ എക്‌സ്300 സീരീസ് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.

