വിഴിഞ്ഞം ഹാർബറിൽ വാർഫിനടുത്തായി കയറ്റിവെച്ചിരുന്ന ഫൈബർ ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർ റെസ്‌ക്യൂ സേന പാഞ്ഞെത്തി തീ നിയന്ത്രണ വിധേയമാക്കി. ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് ആരോ തീയിട്ട നിലയിലായിരുന്നെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. വിഴിഞ്ഞം പൊലീസ്, വാർഡ് കൗൺസിലർ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ സീസണിലെത്തിച്ച ബോട്ടായിരുന്നു ഇവ. ഉടമയായ ബീമാപ്പള്ളി സ്വദേശിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഫയർഫോഴ്‌സ് അറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതിനാൽ സമീപത്തേക്ക് തീപടരാതെ വലിയ അപകടം ഒഴിവാക്കാൻ സാധിച്ചു
വിഴിഞ്ഞത്ത് ബോട്ടുകൾക്ക് തീപിടിച്ചു; ചവറുകൾക്ക് തീയിട്ടതിൽ നിന്ന് തീപടർന്നതായി സംശയം

