വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി 1000 കോടി രൂപ കിൻഫ്ര വഴി നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾ, സ്ഥലമേറ്റെടുക്കൽ എന്നിവയ്ക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.അതേസമയം, പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കായി 100 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെയും അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും വേഗത്തിലാക്കലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആഗോള വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
2015 ഡിസംബർ 5നാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. 2023 ഒക്ടോബർ 15ന് ‘ഷെൻ ഹുവ’ എന്ന ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തി. 2024ൽ ട്രയൽ റൺ ആരംഭിച്ച തുറമുഖം, 2024 ഡിസംബർ 3ന് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. തുടർന്ന് 2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.
2025 ജൂൺ 9ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന വിഴിഞ്ഞത്തെത്തിയത് തുറമുഖത്തിന്റെ ആഗോള പ്രാധാന്യം തെളിയിച്ചു. 2025 ഡിസംബറിൽ, ഒരു മാസത്തിനിടെ 1.21 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോർഡ് നേട്ടവും കൈവരിച്ചു.2028ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ, വലിയ കണ്ടെയ്നർ കപ്പലുകൾക്ക് തടസമില്ലാതെ വിഴിഞ്ഞത്ത് എത്തിച്ചേരാൻ കഴിയും. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻഷിപ്പ് ഹബ്ബായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.ഇതോടെ തുറമുഖ വികസനത്തോടെ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് മാരിടൈം വിദഗ്ധരുടെ വിലയിരുത്തൽ.

