ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമയും ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗില്ലും ടി20 ടീം നായകൻ സൂര്യകുമാർ യാദവുമെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ടെസ്റ്റിന് ഹാജരായപ്പോൾ വിരാട് കോലിക്ക് മാത്രം ലണ്ടനിൽ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്താൻ ഇളവ് നൽകിയതിൽ ബിസിസിഐക്കെതിരെ വിമർശനം. കഴിഞ്ഞ ദിവസങ്ങളിലാണ് രോഹിത്തും ഗില്ലും അടക്കമുള്ള താരങ്ങൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സെൻറർ ഓഫ് എക്‌സലൻസിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റിന് വിധേയരായത്.
ഏഷ്യാ കപ്പിനുള്ള ടീമിലില്ലെങ്കിലും ഓസ്‌ട്രേലിയക്കെതിരെ അടുത്തമാസം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാനായി രോഹിത്തിനോടും കോലിയോടും ഫിറ്റ്‌നെസ് ടെസ്റ്റിന് ഹാജരാവാൻ ബിസിസിഐ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് രോഹിത് അടക്കമുള്ള താരങ്ങൾ ബെഗംളൂരുവിലെ സെൻറർ ഓഫ് എക്‌സലൻസിലെത്തി ഫിറ്റ്‌നെസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയത്. പതിവ് യോയോ ടെസ്റ്റിന് പുറമെ കളിക്കാർക്ക് ഇത്തവണ ബ്രോങ്കോ ടെസ്റ്റ് കൂടി ബിസിസിഐ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരനായ കോലി ഈ ടെസ്റ്റുകൾ അനായാസം പാസാകുമെന്ന് ഉറപ്പാണെങ്കിലും ഒരു കളിക്കാരന് വേണ്ടി മാത്രം നിയമത്തിൽ ഇളവ് നൽകിയതാണ് ചർച്ചയാവുന്നത്.
ജൂണിൽ നടന്ന ഐപിഎല്ലിന് ശേഷം ലണ്ടനിലേക്ക് പോയ കോലി പിന്നീട് ഇന്ത്യയിലെത്തിയിട്ടില്ല. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യയുടെ അവസാന മത്സരം കാണാൻ രോഹിത് സ്റ്റേഡിയത്തിലെത്തിയെങ്കിലും ലണ്ടനിലുണ്ടായിട്ടും ഇന്ത്യയുടെ മത്സരങ്ങൾ കാണാൻ കോലി വന്നിരുന്നില്ല. എന്നാൽ കോലി കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ടെസ്റ്റിൽനിന്നും ടി20യിൽ നിന്നും വിരമിച്ച കോലിയും രോഹിത്തും ഏകദിനങ്ങളിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പിൽ കളിക്കുക എന്നതാണ് കോലിയുടെയും രോഹിത്തിൻറെയും ലക്ഷ്യം.

