Headlines

വിമാന ദുരന്തത്തിൽ മരിച്ച സഹോദരന്റെ അന്ത്യകർമത്തിൽ പങ്കെടുത്ത് രക്ഷപ്പെട്ട വിശ്വാസ്

അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാർ രമേഷ് സഹോദരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. വിശ്വാസിന്റെ സഹോദരനായ അജയ് കുമാറും അപകടത്തിലാണ് മരിച്ചത്. എയർ ഇന്ത്യയുടെ അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ഏക യാത്രക്കാരൻ വിശ്വാസ് മാത്രമായിരുന്നു. എമർജൻസി എക്സിറ്റ് സമീപമുള്ള 11 എ എന്ന സീറ്റിൽ ഇരുന്നതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് 40-കാരനായ വിശ്വാസ് പറഞ്ഞിരുന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസും സഹോദരനും കുടുംബത്തെ കാണാനാണ് നാട്ടിലെത്തിയത്. സഹോദരനും ജീവനോടെ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു വിശ്വാസിന്റെ പ്രതീക്ഷ. എന്നാൽ, അജയിന് അപകടത്തെ അതിജീവിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ വിശ്വാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ബുധനാഴ്ച രാവിലെയാണ് വിശ്വാസ് ആശുപത്രി വിട്ടത്.

അപ്പോഴേക്കും അധികൃതർ ഡിഎൻഎ പരിശോധനയിലൂടെ സഹോദരൻ അജയിന്റെ മൃതദേഹം തിരിച്ചറിയുകയും അത് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട വിശ്വാസ് നേരെ പോയത് തന്റെ പ്രിയസഹോദരൻ അജയിന്റെ അടുത്തേക്കാണ്. അവനെ യാത്രയാക്കാനായി വിശ്വാസ് എത്തിയപ്പോൾ അത് കണ്ടുനിന്നവരെ പോലും കരയിക്കുന്ന കാഴ്ചയായിരുന്നു.

Leave a Reply