വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ഉറപ്പുവരുത്തുന്ന വിദ്വേഷ പ്രസംഗം-വിദ്വേഷ കുറ്റകൃത്യ നിരോധന ബില്‍ രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍. ബില്ലില്‍ തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചിരിക്കുന്നത്.സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. വാക്കുകള്‍, ചിഹ്നങ്ങള്‍, ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സന്ദേശങ്ങള്‍ എന്നിവയിലൂടെ ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ ഏതെങ്കിലും സമുദായത്തിനോ എതിരെ വിദ്വേഷം പടര്‍ത്തുന്ന പ്രവൃത്തികള്‍ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും. കുറ്റക്കാര്‍ക്ക് കുറഞ്ഞത് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.നിയമസഭാ സമ്മേളനത്തില്‍ ഇരുസഭകളും പാസാക്കിയ ബില്ല് ഡിസംബര്‍ അവസാനമാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. എന്നാല്‍, ബില്ലിലെ 28 പോയിന്റുകളില്‍ വ്യക്തത തേടിയ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന് അര്‍ത്ഥമില്ല. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍, ഗവര്‍ണര്‍ മനഃപൂര്‍വം ഇത് രാഷ്ട്രപതിക്ക് വിട്ടു. ഇത് നടപ്പിലാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ബില്ലിനെതിരെ ബിജെപി എന്തിനാണ് രംഗത്ത് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

