Headlines

വിക്കറ്റ് വേട്ടയില്‍ മുന്നില്‍ ദീപ്തി ശര്‍മ, ബാറ്റര്‍മാരുടെ പട്ടികയിലും ഇടം

വനിതാ ഏകദിന ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ. ലോകകപ്പില്‍ ഉടനീളം പുറത്തെടുത്ത ഓള്‍റൗണ്ട് പ്രകടനമാണ് ദീപ്തിയെ ലോകകപ്പിന്റെ താരമാക്കിയത്. ഒമ്പത് മത്സരങ്ങളില്‍ 22 പേരെ പുറത്താക്കിയ ദീപ്തി തന്നെയാണ് ഏറ്റവും കൂടുതല്‍ വീഴ്ത്തിയ താരവും. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റാണ് ദീപ്തി വീഴ്ത്തിയത്. വിട്ടുകൊടുത്തതാവട്ടെ 39 റണ്‍സ് മാത്രം. ദീപ്തിയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതുതന്നെ. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 215 റണ്‍സ് നേടാനും ദീപ്തിക്ക് സാധിച്ചിരുന്നു. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും

വിക്കറ്റ് വേട്ടയില്‍ ഓസ്‌ട്രേലിയയുടെ അന്നാബെന്‍ സതര്‍ലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. 17 വിക്കറ്റുകളാണ് ഓസീസ് പേസര്‍ വീഴ്ത്തിയത്. 40 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനം. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍ (16) മൂന്നാമത്. ഇന്ത്യന്‍ സ്പിന്നര്‍ ശ്രീചരണി (14) നാലാം സ്ഥാനത്തുണ്ട്. 13 വിക്കറ്റ് വീതം വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ അലാന കിംഗ്, ദക്ഷിണാഫ്രിക്കയുടെ നോണ്‍കുലുലെകോ മ്ലാബ തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളിലുണ്ട്.

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. സെമി ഫൈനലിലും ഫൈനലിലുമാണ് ലോറ സെഞ്ചുറികള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സാണ് ലോറയുടെ ടോപ് സ്‌കോര്‍. 71.37 ശരാശരിയും 98.78 സട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്കുണ്ട്. ഏഴ് സിക്‌സും 73 ഫോറും ലോറ നേടി.

Leave a Reply