വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെത്തിച്ചു. വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുപോയത്. ഡിസി ഓഫിസിലെ പൊതുദർശനത്തിനു ശേഷം ബീച്ച് റിക്രിയേഷൻ മൊതാനത്തേക്ക്. അവിടുത്തെ പൊതുദർശനത്തിനു ശേഷമാണ് വലിയ ചുടുകാട്ടിൽ സംസ്ക്കാരച്ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് 12.20 ഓടെയാണ് വിലാപയാത്ര ആലപ്പുഴ പറവൂരിലെ വീട്ടിൽ എത്തിയത്. പ്രിയ സഖാവിന് ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിൽ ആയിരങ്ങളാണ് എത്തിയത്.
കുടുംബാംഗങ്ങൾക്ക് മൃതദേഹത്തിൽ അന്തിമോപചാരം അർപിക്കാൻ വീടിനുള്ളിൽ 10 മിനിട്ട് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതു ദർശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് ഭൗതികശരീരം മാറ്റി. മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ വലിയ നിരവീടിന് സമീപത്തുണ്ട്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലേക്ക് എത്തിയത്.
പുന്നപ്ര സമര നായകന് അന്ത്യവിശ്രമം വലിയ ചുടുകാട്ടിൽ പ്രത്യേകം സ്‌ഥലത്താണ് ഒരുക്കിയിട്ടുള്ളത്. കമ്യൂണിസ്‌റ്റ് നേതാക്കളായ ടി.വി തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിൻ്റെ സംസ്കാരം നടക്കുക. പുന്നപ്ര സമരനായകർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ശ്മശാനം വിഎസിന്റെ പേരിലാണെന്ന പ്രത്യേകതയുണ്ട്. പ്രമുഖ കമ്യൂണിസ്‌റ്റ് പാർട്ടി നേതാക്കളുടെ സംസ്കാരച്ചടങ്ങുകളാണ് ഇവിടെ നടക്കുക. സ്മാരകത്തിൽ സംസ്‌കാരച്ചടങ്ങുകൾക്കായി പ്രത്യേകം വേർതിരിച്ച ഭൂമിയുണ്ട്.

