വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നറിനു സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച് സെമി എതിരാളി. നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനും വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുകയും ചെയ്യുന്ന സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് അമേരിക്കയുടെ ടയ്‌ലര്‍ ഫ്രിറ്റ്‌സുമായി അവസാന നാലില്‍ നേര്‍ക്കുനേര്‍ വരും.
ഇറ്റലിയുടെ ഫ്‌ളാവിയോ കോബോളിക്കെതിരായ കടുപ്പമേറിയ ക്വാര്‍ട്ടര്‍ പോരാട്ടം അതിജീവിച്ചാണ് ജോക്കോ കരിയറിലെ 14ാം വിംബിള്‍ഡണ്‍ സെമി ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ അതു കൈവിട്ട ജോക്കോ പിന്നീട് ശക്തമായി തിരിച്ചടിച്ച് 3 സെറ്റുകള്‍ പിടിച്ചെടുത്താണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-7 (6-8), 6-2, 7-5, 6-4.
സിന്നര്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ടനെ ഏകപക്ഷീയമായി കീഴടക്കി. ആദ്യ സെറ്റില്‍ മാത്രമാണ് യുഎസ് താരം ലോക ഒന്നാം നമ്പര്‍ താരത്തിനു വെല്ലുവിളി ഉയര്‍ത്തിയത്. ഈ സെറ്റ് ടൈബ്രേക്കറിലാണ് സിന്നര്‍ സ്വന്തമാക്കിയത്. പിന്നീടുള്ള രണ്ട് സെറ്രുകള്‍ സിന്നര്‍ അതിവേഗം തീര്‍ത്തു. സ്‌കോര്‍: 7-6 (7-2), 6-4, 6-4.

