Headlines

വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; സന്തോഷം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതിനുപിന്നാലെ സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യർത്ഥനയും രാഹുൽ ഗാന്ധിയുടെ നിരന്തര പരിശ്രമവും ഫലം കണ്ടുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം

നിർമ്മാണം വേഗത്തിലാക്കാനും എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനും വേണ്ട എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . ഏറ്റവും ആവശ്യമുളളവരുടെ വികസനവും പുരോഗതിയുമെന്ന പൊതുലക്ഷ്യത്തിനായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. എന്നും പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്കു കൂടി നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വയനാട്, കാസർകോട് ജില്ലകളിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി ലഭിച്ചത്. 50 എംബിബിഎസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. എൻഎംസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുളള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതോടെയാണ് അംഗീകാരം ലഭിച്ചത്

Leave a Reply