വഞ്ചിയൂരിൽ വനിത അഭിഭാഷകയെ അതിക്രൂരമായ മർദിച്ച സീനിയർ അഭിഭാഷകനെ സസ്‌പെൻഡ് ചെയ്ത് ബാർ അസോസിയേഷൻ. ശ്യാമിലി ജസ്റ്റിൻ അഭിഭാഷകയെ മർദിച്ച സംഭവത്തിലാണ് മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ സസ്‌പെൻഡ് െചെയ്തത്.
മുഖത്ത് ക്രൂരമായി മർദിച്ചതിൻറെ പാടുകൾ കാണാം. കവിളിൽ ആഞ്ഞടിക്കുകയായിരുന്നു. ഇയാൾ ജൂനിയർ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മർദനമേറ്റ അഭിഭാഷക പറഞ്ഞു.
മർദിച്ചതിൻറെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയ്ലിൻറെ കൂടെ മറ്റൊരു ജൂനിയർ വന്നിട്ടുണ്ടെന്നും അയാൾ മുമ്പും ബെയ്ലിൻറെ കൂടെ ജോലി ചെയ്തിട്ടുള്ളതാണ്. അയാൾ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയ്ലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിൻറെ പേരിൽ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിൻ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് രണ്ട് ദിവസം ശ്യാമിലി ഓഫീസിൽ പോയില്ല. പിന്നീട് ഈ വിഷയത്തിൽ ബെയിലിൻ ശ്യാമിലിയോട് ക്ഷമ ചേദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തൻറെ കാര്യത്തിൽ ഇടപെടരുതെന്ന് പറയാൻ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെടുകയും ചെയ്തു. അതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചത്. നീ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചാണ് ഇയാൾ ശ്യാമിലിയെ ആഞ്ഞടിച്ചത്. അതിക്രമത്തെ തുടർന്ന് വഞ്ചിയൂർ പൊലീസിനും ബാർ അസോസിയേഷനും ശ്യാമിലി പരാതി നൽകിയിട്ടുണ്ട്.

