വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന്
വീണ്ടും വാദം കേൾക്കും.ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കോടതി ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസിൽ ഇന്നും വാദം കേൾക്കുക.
വഖഫ് സംബന്ധിച്ച് സുപ്രീംകോടതിക്ക് ലഭിച്ച ഹർജികൾ കോടതി ഇന്നലെ പരിഗണിച്ചിരുന്നു. മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണായക ഉത്തരവിറക്കുമെന്ന സൂചനയാണ് ഇന്നലെ സുപ്രീംകോടതി നൽകിയത്. സാധാരണയായി പാർലമെന്റ് പാസാക്കുന്ന നിയമം സ്റ്റേ ചെയ്യാറില്ലെങ്കിലും വഖഫ് ഭേദഗതി നിയമം അതിൽനിന്ന് വ്യത്യാസമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു
കേന്ദ്രസർക്കാരിന്റെ്‌റെ വാദമായിരിക്കും ആദ്യം കേൾക്കുക. ഇന്നലെ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായിരുന്നത്. ഇന്ന്, തുഷാർ മേത്തയ്ക്ക് പുറമെ അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണയും ഈ കേസിൽ കേന്ദ്രത്തിന് വേണ്ടി ഹാജരായേക്കും എന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല. തീരുമാനം കൈക്കൊള്ളുന്നതിനായി ഉച്ചയ്ക്ക് 12 മണിയോടെ കേന്ദ്രനിയമമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്.
അതേസമയം, വഖഫ് ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ആറ് ബിജെപി ഭരണ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവർക്കുവേണ്ടി സീനിയർ അഭിഭാഷകർ ഇന്ന് കോടതിയിൽ ഹാജരാകും. നിയമം ഒരു കാരണവശാലും സ്റ്റേ ചെയ്യരുത് എന്ന ആവശ്യമാണ് ഇവരും ഇന്ന് കോടതിയിൽ ഉന്നയിക്കുക.

