ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ഇന്ന് തുടക്കം. ദോഹയിലെ നാഷണൽ കൺവെൻഷൻ സെന്ററിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്യും. സഹോദര സൗഹൃദ രാജ്യങ്ങളിലെയും ഗവൺമെന്റുകളിലെയും തലവന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ, എന്നിവരും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി വിളിച്ചുചേർക്കുന്ന ഉച്ചകോടി, സാമൂഹിക വികസനത്തെക്കുറിച്ചുള്ള കോപ്പൻഹേഗൻ പ്രഖ്യാപനവും പ്രവർത്തന പരിപാടിയും അതിന്റെ നടപ്പാക്കലും പുനഃപരിശോധിക്കുകയും 2030 ലെ അജണ്ട നടപ്പിലാക്കുന്നതിന് ആക്കം കൂട്ടുകയും ചെയ്യുക എന്നിവ ലക്ഷ്യമിടുന്നുവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ലോകരാഷ്ട്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ന് വിവിധ സ്ഥലങ്ങളിൽ താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ നിരവധി റോഡുകൾ അടച്ചിടും.
ബാധിക്കുന്ന റൂട്ടുകൾ താഴെ പറയുന്നു:
- ഹമദ് ഇന്റർനാഷണൽ എയർപോർട്ട് റോഡിൽ നിന്ന് റാസ് ബു അബ്ബൗദ് റോഡ് വഴി അൽ ഷാർക്ക് ഇന്റർചേഞ്ച് വരെയുള്ള എക്സിറ്റ്.
- സിറിംഗ് റോഡിലെ എയർപോർട്ട് പാർക്ക് സ്ട്രീറ്റിൽ നിന്ന് അൽ ഷാർക്ക് ഇന്റർചേഞ്ച് വരെയുള്ള എക്സിറ്റ്.
- കോർണിഷ് റോഡ് അൽ ഷാർക്ക് ഇന്റർസെക്ഷനിൽ നിന്ന് നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെ.
- മുഹമ്മദ് ബിൻ താനി സ്ട്രീറ്റ് നാഷണൽ തിയേറ്റർ ഇന്റർസെക്ഷനിൽ നിന്ന് വാദി അൽ സെയിൽ ഇന്റർചേഞ്ച് വരെ.
- അൽ ബിദാ സ്ട്രീറ്റ് വാദി അൽ സെയിൽ ഇന്റർസെക്ഷനിൽ നിന്ന് അൽ മഹാ ഇന്റർചേഞ്ച് വരെ.
- അൽ മഹാ ഇന്റർസെക്ഷനിൽ നിന്ന് ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് വരെ- ഖലീഫ സ്ട്രീറ്റ്.
- ലെഖ്താഫിയ ഇന്റർസെക്ഷനിൽ നിന്ന് ഗോൾഫ് ക്ലബ് ഇന്റർചേഞ്ച് വരെ – ഗോൾഫ് സ്റ്റേഡിയം സ്ട്രീറ്റ്.
- ഗോൾഫ് ക്ലബ് ഇന്റർസെക്ഷൻ മുതൽ ടെലിവിഷൻ ഇന്റർചേഞ്ച് വരെ – യൂണിവേഴ്സിറ്റി സ്ട്രീറ്റ്.

