ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി. കേരള വനം വകുപ്പിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്. നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ നാടാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. വിധിന്യായത്തിന്റെ പകർപ്പ് പുറത്തു വന്നാൽ മാത്രമേ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങൾ വ്യക്തമാവൂ.
1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ ഫോണിൽ നിർദേശിച്ച പ്രകാരം ഔദ്യോഗിക ചർച്ചയ്ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ ഐഎഫ്എസ് ഉദ്യോഗസ്ഥയെ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പർ മുറിയിൽ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിൽ നീലലോഹിതദാസൻ നാടാർക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയിരുന്നു. ഇത് ഉയർന്നു വന്നതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നൽകുന്നതും കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.മുമ്പും സമാന സ്വഭാവമുള്ള മറ്റൊരു കേസിൽ 2008-ൽ നാടാർ കുറ്റവിമുക്തനായിട്ടുണ്ട്. നിലവിൽ അദ്ദേഹം ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയാണ്.

