ലഡാക്ക് പ്രക്ഷോഭത്തിന്റെ സമര നേതാവ് സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 4 പേർ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ ലേയിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ലഡാക്ക് പ്രശ്‌നപരിഹാരത്തിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.ലഡാക്ക് ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിഷേധം മുന്നിൽ കണ്ട് സോനത്തെ ഉടൻ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം വാങ്ചുക്കിന്റെ എൻജിഒക്കെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു. സ്ഥാപനത്തിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. നിയലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. സോനം വാങ്ചുക്കിന്റെ എൻജിഒക്ക് ലെഫ്റ്റനന്റ് ഗവർണർ നോട്ടീസും നൽകി.

