സംസ്ഥാന പദവിയും ഗോത്ര പദവിയും ആവശ്യപ്പെട്ടുള്ള ലഡാക്കിലെ പ്രതിഷേധം രൂക്ഷമാകുന്നു. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാഹചര്യം കടുപ്പമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സെപ്റ്റംബർ 10 മുതൽ നിരാഹാര സമരം തുടരുന്ന 15 പേരിൽ രണ്ടുപേരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ലേ അപെക്‌സ് ബോഡിയുടെ (LAB) യുവജന വിഭാഗം പ്രതിഷേധത്തിനും ബന്ദിനും ആഹ്വാനം ചെയ്തു. പ്രതിഷേധക്കാർ ബിജെപി ഓഫീസിന് തീയിടുകയും സിആർപിഎഫ് വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു.
കഴിഞ്ഞ നാല് വർഷമായി പ്രക്ഷോഭം നടത്തുന്ന കാർഗിൽ ഡെമോക്രാറ്റിക് അലയൻസും (കെഡിഎ) ലേ അപെക്‌സ് ബോഡിയും ചേർന്ന് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തിവരികയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ആഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി. അതേസമയം, ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, യുവാക്കൾ ലേയിലെ ആക്രമണം നിർത്തണമെന്നും ആക്രമണം ലക്ഷ്യത്തിന് ദോഷം ചെയ്യുമെന്നും സോനം വാങ്ചുക്ക് ആവശ്യപ്പെട്ടു.

