റോഡിലെ ട്രാഫിക് ബ്ലോക്കിന് ട്രാക്ക്‌ലെസ് ട്രാം കൊണ്ട് വിരാമമിടാനൊരുങ്ങി ദുബായ്. മെട്രോയുടെ സുഖവും ബസിന്റെ ഫ്ലെക്സിബിലിറ്റിയും ഒന്നിക്കുന്ന ഈ ട്രാമിന് പാളങ്ങളുടെ ആവശ്യമില്ല. ദുബായുടെ നിരത്തുകളിൽ എട്ടിടങ്ങളിലായിരിക്കും ട്രാക്ക്‌ലെസ് ട്രാം വിസ്മയം തീർക്കുക. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ). സ്വയം നിയന്ത്രിത ഡ്രൈവർലെസ് ടാക്സി, എയർ ടാക്സി, അബ്ര എന്നീ പരിസ്ഥിതി സൗഹൃദ ഗതാഗത ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് ട്രാം.∙ പ്രവർത്തന രീതി
പരമ്പരാഗത ട്രെയിനുകളെപ്പോലെ ഇതിന് ഇരുമ്പ് പാളങ്ങൾ ആവശ്യമില്ല. പകരം റോഡിൽ വരച്ചിരിക്കുന്ന പ്രത്യേക അടയാളങ്ങളെ ട്രാമിലെ സെൻസറുകളും ക്യാമറകളും പിന്തുടർന്ന് ഒരു വെർച്വൽ ട്രാക്ക് സൃഷ്ടിച്ചാണ് സഞ്ചാരം. അതിനാൽ റോഡ് കുഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കാം.
∙ ലക്ഷ്യങ്ങൾ
ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കും. നിലവിലുള്ള ദുബായ് മെട്രോ, ബസ് സർവീസുകളുമായി ഈ ട്രാമിനെ ബന്ധിപ്പിക്കും. 2030ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25% ഡ്രൈവറില്ലാ സംവിധാനത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ∙ ശേഷിയും വേഗവും
സാധാരണയായി മൂന്ന് കംപാർട്ടുമെന്റുകളുള്ള ഒരു ട്രാമിൽ 300 പേർക്ക് വരെ ഒരേസമയം യാത്ര ചെയ്യാം. ഇത് ഒരു വലിയ മെട്രോ ട്രെയിനിന്റെ പകുതിയോളം വരും. മണിക്കൂറിൽ 70 കിലോമീറ്റർ ആണ് പരമാവധി വേഗം. എന്നാൽ നഗരത്തിനുള്ളിൽ സുരക്ഷ മുൻനിർത്തി 25 മുതൽ 60 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചാരം.
പരിസ്ഥിതി സൗഹൃദം
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. റെയിലുകൾ സ്ഥാപിക്കേണ്ടതില്ലാത്തതിനാൽ സാധാരണ ട്രാമുകളെക്കാൾ കുറഞ്ഞ ചെലവിൽ വളരെ വേഗത്തിൽ ഇതു നടപ്പിലാക്കാൻ സാധിക്കും. 100% ഇലക്ട്രിക് ആയതിനാൽ പുകയോ ശബ്ദമലിനീകരണമോ ഇല്ല.
∙ ഫാസ്റ്റ് ചാർജിങ്
സ്റ്റേഷനുകളിൽ നിർത്തുമ്പോൾ തന്നെ മിനിറ്റുകൾക്കുള്ളിൽ ചാർജ് ചെയ്യാവുന്ന വേഗമേറിയ ചാർജിങ് സംവിധാനം. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 100 കിലോമീറ്റർ വരെ ഓടാൻ സാധിക്കും.
∙ ചെലവ് കുറവ്
മെട്രോയോ സാധാരണ ട്രാമോ നിർമിക്കുന്നതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഇതിന് വരുന്നുള്ളൂ.∙ സൗകര്യം
ബസിനെക്കാൾ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനും മെട്രോയേക്കാൾ എളുപ്പത്തിൽ നഗരത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരാനും ഇത് സഹായിക്കുന്നു. ട്രാമുകൾക്കായി നിലവിലുള്ള റോഡുകൾ മാറ്റം വരുത്താതെ തന്നെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
∙ എവിടെയൊക്കെ വരും
ദുബായ് അൽ നഹ്ദ, സത് വ, നായിഫ്, ഉംസുഖീം, ജുമൈറ, അൽബർഷ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (ഡിഐപി), സിറ്റി വാക്ക്/ബിസിനസ് ബേ എന്നീ സ്ഥലങ്ങളാണ് ട്രാക്ക് ലസ് ട്രാമിനായി പരിഗണിക്കുന്നത്.
പിടിവീഴും
ബസുകൾക്കും ടാക്സികൾക്കും മാത്രമുള്ള പാതകളിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിച്ചാൽ 600 ദിർഹം പിഴ ഈടാക്കും.
∙ ബസ്/ടാക്സി പ്രത്യേക പാതകൾ
ട്രാമുകൾക്കും ബസുകൾക്കും സുഗമമായി സഞ്ചരിക്കാൻ 13 കിലോമീറ്റർ നീളമുള്ള പാതകളും നിർമിക്കും. മൻഖൂലിലെ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, ജുമൈറയെയും സത് വയെയും ബന്ധിപ്പിക്കുന്ന സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, ദുബായ്-ഷാർജ യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുംവിധം അൽ നഹ്ദ സ്ട്രീറ്റ്, അൽ സത് വ റോഡ്, ദെയ്റയിലെ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ്.

