ലഗേജിന് ഭാരം അധികമായതിന്റെ പേരിൽ പലർക്കും ഇഷ്ടവസ്തുക്കൾ എയർപോർട്ടിൽ
ഉപേക്ഷിച്ച് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടാകും.എന്നാൽ ഇനി എയർപോർട്ടിൽ മാത്രമല്ല ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനിലും ലഗേജുകൾക്ക് നിയന്ത്രണം വരികയാണ്. തുടക്കത്തിൽ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം കൊണ്ടുവരിക.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.നിലവിൽ ലഗേജിന് നിയന്ത്രണമുണ്ടെങ്കിലും ഇനിമുതൽ കർശനമാക്കാനാണ് റെയിൽവേ തീരുമാനം. എയർപോർട്ടിന് സമാനമായി റെയിൽവേ സ്റ്റേഷനുകളിൽ യാത്ര ചെയ്യുമ്പോൾ നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസരിച്ചേ ലഗേജ് കൊണ്ടുപോകാൻ കഴിയുകയുള്ളു. ലഗേജുമായി പോകുന്ന യാത്രക്കാർ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷിനുകളിൽ ലഗേജ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവരിൽ അധിക ചാർജോ പിഴയോ ഈടാക്കും. ഇത് ഒരോ ക്ലാസുകളിലും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പർ ക്ലാസിനും 40 കിലോഗ്രാം, ജനറൽ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കുക. എന്നാൽ ഭാര പരിധിക്കുള്ളിൽ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയിൽ ലഗേജ് വച്ചാൽ പിഴ ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കി.
കൂടാതെ റെയിൽവേ സ്റ്റേഷനുകളിൽ എയർപോർട്ടിലേതിന് സമാനമായി പ്രീമിയം സ്റ്റോറുകൾ തുടങ്ങാനും പദ്ധതിയുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും ഇലക്ട്രോണിക് ഉൽപന്നങ്ങളുമടക്കം സാധനങ്ങൾ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകൾക്ക് അനുമതി നൽകുക

