കണ്ണൂർ മമ്പറം കായലോട്ടെ റസീനയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിന് പങ്കുണ്ടെന്ന യുവതിയുടെ മാതാവ് ഫാത്തിമയുടെ ആരോപണം അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ്. ആത്മഹത്യ കുറിപ്പിൽ ഇത്തരത്തിൽ ഒരു പരാമർശം കണ്ടിട്ടില്ലെന്നും സാമ്പത്തികപരമായ എന്തെങ്കിലും ആരോപണങ്ങൾ കുടുംബത്തിന് ഉണ്ടെങ്കിൽ പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോടാണ് സംഭവം. മരപ്പെട്ട സ്ത്രീയും സുഹൃത്തും സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിൽ ആൾക്കാർ വരികയും അവർ ഇവരോട് മോശമായ രീതിയിൽ സംസാരിക്കുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാത്രിയോ ചൊവ്വാഴ്ച പുലർച്ചെയോ ആണ് റസീനയെ വീട്ടിൽ തൂങ്ങിമരിച്ചത്. അവരുടെ ശരീരത്തിൽ നിന്ന് തന്നെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിരുന്നു. സംഭവത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഇതിൽ കൃത്യമായിട്ട് വിവരിക്കുന്നുണ്ട്. അവരും സുഹൃത്തും സംസാരിക്കുന്നതിനിടെ കുറേപ്പേർ വരികയും ഭീഷണിപ്പെടുത്തുകയും മോശമായ രീതിയിൽ ചിത്രീകരിക്കുകയും സുഹൃത്തിന്റെ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തുവെന്ന് കുറിപ്പിൽ പറയുന്നുണ്ടെന്ന് പോലീസ് കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
തങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്ന സാഹചര്യത്തിലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു. അറസ്റ്റിലായ മൂന്നുപേരിൽനിന്ന് ഇവരുടെ മൊബൈൽ അടക്കമുള്ളവ പിടികൂടിയിട്ടുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. ഇതിനായി സ്ത്രീയുടെ ആൺസുഹൃത്ത് മയ്യിൽ സ്വദേശി റഹീസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. മരണത്തിൽ സുഹൃത്തിന് പങ്കുള്ളതായി ആത്മഹത്യ കുറിപ്പിൽ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് ആരൊക്കെ വന്നിട്ടുണ്ട് എന്ന് അന്വേഷിക്കും. അറസ്റ്റിലായവരിൽ യുവതിയുടെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളുമാണുള്ളത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയബന്ധവും രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ കൊണ്ടുപോയി എന്നതും അന്വേഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

