മുപ്പതാം സീസണിന്റെ ആഘോഷത്തിമിർപ്പിലുള്ള ദുബായ് ഗ്ലോബൽ വില്ലേജിൽ റമസാൻ പ്രമാണിച്ച് കുടുംബങ്ങൾക്കായി പ്രത്യേക ഓഫർ. യുഎഇ പ്രഖ്യാപിച്ച ‘കുടുംബ വർഷ’ത്തോടുള്ള ഐക്യദാർഢ്യമായി 30 ദിർഹത്തിന് നാല് പ്രവേശന ടിക്കറ്റുകൾ ലഭിക്കുന്ന പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചത്. നാലിൽ കൂടുതൽ ടിക്കറ്റുകൾ ആവശ്യമുള്ളവർക്ക് ഓരോ ടിക്കറ്റിനും വെറും 7.50 ദിർഹം വീതം അധികം നൽകിയാൽ മതിയാകും.വലിയ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാൻ പറ്റിയ മികച്ച അവസരമാണിതെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. വ്യത്യസ്തങ്ങളായ വിഭവങ്ങൾ വിളമ്പുന്ന ഡൈനിങ് ഔട്ട്‌ലെറ്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയെല്ലാം ആസ്വദിച്ച് ഇഫ്താറി(നോമ്പുതുറ)നും സുഹൂറി(അത്താഴം)നും ഒത്തുകൂടാൻ ഈ ഓഫർ പ്രയോജനപ്പെടുത്താം. പരിമിത കാലത്തേക്കുള്ള ഈ ആനുകൂല്യം ഗ്ലോബൽ വില്ലേജിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ലഭ്യമാകും.
∙ പുതിയ സമയം അറിയാം
റമസാൻ പ്രമാണിച്ച് പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഞായർ മുതൽ ബുധൻ വരെ: വൈകിട്ട് 5 മുതൽ പുലർച്ചെ 1 വരെ. വ്യാഴം മുതൽ ശനി വരെ: വൈകിട്ട് 5 മുതൽ പുലർച്ചെ 2 വരെ.
∙ വിസ്മയമായി മുപ്പതാം സീസൺ
1997ൽ ആരംഭിച്ചത് മുതൽ ഇതുവരെ 10 കോടിയിലേറെ സന്ദർശകരെ സ്വീകരിച്ച ഗ്ലോബൽ വില്ലേജ്, കഴിഞ്ഞ സീസണിൽ മാത്രം 1.05 കോടി സന്ദർശകരെ ആകർഷിച്ച് റെക്കോർഡ് ഇട്ടിരുന്നു. ഇത്തവണ മുപ്പതാം സീസണിൽ 90-ലധികം സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളാണുള്ളത്. 3,500-ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകളും 250ലേറെ ഭക്ഷണശാലകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ കാർണിവലിലെ 200ലേറെ വിനോദയാത്രകളും 40,500ഓളം കലാപ്രകടനങ്ങളും ഈ സീസണിന്റെ മാറ്റുകൂട്ടുന്നു.

