വ്രതമാസമായ റമസാനിൽ വിപണിയിൽ സാധനങ്ങളുടെ വിലക്കയറ്റം തടയാനും കൃത്രിമ ക്ഷാമം ഇല്ലാതാക്കാനും കർശന നടപടികളുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള റീട്ടെയിൽ സ്ഥാപനങ്ങൾ ഓരോ സാധനത്തിന്റെയും വിലയും യൂണിറ്റ് വിലയും ഉപഭോക്താക്കൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു.രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാലത്തേക്ക് തടസ്സമില്ലാതെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ശേഷി യുഎഇയ്ക്കുണ്ടെന്നും സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രമുഖ ഔട്ട്‌ലെറ്റുകളിൽ അദ്ദേഹം നേരിട്ടെത്തി പരിശോധന നടത്തി. അവശ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായിരുന്നു സന്ദർശനം.
∙യൂണിറ്റ് വിലയും പ്രദർശിപ്പിക്കണം
2022ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) അനുസരിച്ച്, സാധനങ്ങളുടെ ആകെ വിലയോടൊപ്പം ഓരോ യൂണിറ്റിന്റെയും (ഉദാഹരണത്തിന് കിലോ ഗ്രാമിന് എത്ര) വില കൂടി പ്രദർശിപ്പിക്കണം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. ഇത് ഉപഭോക്താക്കൾക്ക് വ്യത്യസ്ത ബ്രാൻഡുകൾ തമ്മിലുള്ള വില താരതമ്യം ചെയ്യാനും മികച്ചത് തിരഞ്ഞെടുക്കാനും സഹായിക്കും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
∙വില വർധിപ്പിക്കാൻ അനുമതിയില്ല
മുൻകൂർ അനുമതിയില്ലാതെ പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കുന്നത് മന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. റമസാൻ കാലത്തെ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യഥാർഥമാണോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം വിപണിയിൽ നേരിട്ട് നിരീക്ഷണം നടത്തും.

